Wednesday, September 10, 2008

ഓണാസംസകൾ

എല്ലാ വായനക്കാർക്കും ഓഹരി ടീമിന്റെ സന്തോഷപൂർണ്ണമായ ഓണാസംസകൾ.....

Sunday, August 31, 2008

ശ്രദ്ധയോടെ ദീർഘവീക്ഷണത്തോടെ നിക്ഷേപിക്കുക.

ശ്രദ്ധയോടെ ദീർഘവീക്ഷണത്തോടെ നിക്ഷേപിക്കുക. തീർച്ചയായും ലാഭം നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും. ഓഹരിവിപണിയിലേക്ക്‌ കടക്കും മുമ്പ്‌ ചില കാര്യങ്ങൾ ഇവിടെ പറഞ്ഞുവെക്കേണ്ടതുണ്ട്‌.

1.അത്യാഗ്രഹവും അമിത പ്രതീക്ഷയും പാടില്ല.നിക്ഷേപത്തിൽ തെറ്റുപറ്റിയെന്നുകണ്ടാൽ അൽപം നഷ്ടം സംഭവിച്ചാലും ഉടനെ തിരുത്തുക.
2.ഉള്ള സമ്പാദ്യം മുഴുവനോ കടം വാങ്ങിയോ ഓഹരിയിൽ നിക്ഷേപിക്കാതിരിക്കുക.
3.വിപണിയുടെ ഗതിവിഗതികൾ വ്യക്തമായി മനസ്സിലാക്കി വിദഗ്ദന്മാരുടെ ഉപദേശങ്ങൾ സ്വീകരിച്ച്‌ മുന്നോട്ടുപോകുക.
4.ഇന്നിട്ടാൽ നാളെ ഇരട്ടിക്കും എന്ന് മലർപ്പൊടിക്കാരന്റെ സ്വപനം കാണാതെ നല്ല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ച്‌ ക്ഷമയോടെ കാത്തിരിക്കുക.
5.ഉദ്ദേശിച്ച വില കിട്ടിയാൽ ഓഹരികൾ വിറ്റൊഴിവാക്കുക. ഓർക്കുക ഒരു ഓഹരിയും അതിന്റെ ഏറ്റവും കുറഞ്ഞവിലക്ക്‌ വാങ്ങുവാനോ ഏറ്റവും കൂടിയ വിലക്ക്‌ വിൽക്കുവാനോ കഴിഞ്ഞെന്നു വരില്ല. 6.വിവിധ വെമ്പ്‌ സൈറ്റുകളിൽ അഞ്ജാതരായ ആളുകളുടെ അഭിപ്രായങ്ങൾ മാത്രം മുൻ നിർത്തി ഓഹരിയിൽ നിക്ഷേപിക്കാതിരിക്കുക.
7.ബ്രോക്കർമാരുടെ മാത്രം അഭിപ്രായത്തെ മുഖവിലക്കെടുക്കാതെ സ്വന്തം ബുദ്ധി-ചിന്തയേയും നിരീക്ഷണത്തേയും ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുക.ചില ബ്രോക്കർമാരെങ്കിലും കമ്മീഷനെകുറിച്ച്‌ കൂടുതൽ ചിന്തിക്കുന്നവരാനെന്ന് കരുതുക.
8.മറ്റുള്ളവർക്ക്‌ അൽപം ലാഭം കിട്ടി എന്ന് കേട്ട്‌ ഉടനെ തന്റെ കയ്യിൽ ഉള്ള ഓഹരികൾ വിറ്റൊഴിവാക്കി അത്‌ വാങ്ങുവാൻ തുനിയാതിരിക്കുക. അതുപോലെ ഒന്നോ രണ്ടോ ദിവസം മാർക്കറ്റിൽ മികച്ച പ്രകടനം നടാതിയ കമ്പനികളുടെ പുറകെ പോകാതിരിക്കുക.
9.ദേശീയ അന്തർദ്ദേശീയ രംഗത്തെ മാറ്റങ്ങൾ ശ്രദ്ധിക്കുക. അത്‌ എപ്രകാരം ഓഹരിവിപണിയെ ബാധിക്കും എന്ന് മനസ്സിലാക്കുക.ഉദാഹരണമായി എണ്ണവില, ഡോളറിന്റെ വില,ഭൂഗമ്പം,വലിയ കമ്പനികളുടെ നയം മാറ്റം,രാജ്യത്തെ രാഷ്ടീയ തീരുമാനങ്ങൾ തുടങ്ങി പല കാര്യങ്ങളും ഓഹരിവിപണിയുടെ ഗതിവിഗതികൾ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാണ്‌.
10.നിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന കമ്പനിയെ കുറിചും അവരുടെ ബിസിനസ്സ്‌ മേഘലകൾ, ഭാവിപരിപാടികൾ, ഇതുവരെ ഉള്ള പ്രവർത്തനം എന്നിവ ശരിയായി വിലയിരുത്റ്റുക. ഒന്നോ രണ്ടോ മാസത്തെ പ്രകടനം മാത്രം നോക്കാതിരിക്കുക.
11.നിങ്ങൾ നിക്ഷേപിച്ച കമ്പനി നല്ല പ്രവർത്തനം കാശ്ച വെക്കുന്നതും ഭവിയിൽ കൂടുതൽ മെച്ചപ്പെടുവാൻ സാധ്യതയുള്ളതുമാണെകിൽ ഇപ്പോൾ വിപണിയിൽ വാങ്ങിയതിനേക്കാൾ കുറഞ്ഞവിലയാണ്‌ അതിന്റെ ഓഹരിക്കുള്ളതെങ്കിലും ധൈര്യമയി ഇരിക്കുക. അടുത്ത കുതിപ്പിൽ ഒരു പക്ഷെ നിങ്ങൾക്ക്‌ ഈ കമ്പനിയുടെ ഓഹരികൾ വൻ ലാഭം ഉണ്ടാക്കിത്തരും.
12.നിക്ഷേപത്തിനു കരുത്തിയ പണം പൂർണ്ണമായും ഓഹരിവാങ്ങി സൂക്ഷിക്കാതിരിക്കുക. അൽപം തുക കയ്യിൽ മറ്റീവ്ച്ചാൽ വിപണി ഇടിയുമ്പോൾ നല്ല ഓഹരികൾ കുറഞ്ഞ വിലക്ക്‌ വാങ്ങാം. എപ്പോഴും വിലകുറഞ്ഞിരിക്കുമ്പോൾ മാത്രം നിക്ഷേപം നടത്തുക.

മാന്യമായ ഒരു നിക്ഷേപം

തൊഴിൽ തർക്കങ്ങൾ ഇല്ലാതെ രാഷ്ടീയക്കാരുടെ പിരിവോ മറ്റു രീതിയിൽ ഉള്ള ഇടപെടലോ ഇല്ലാതെ മാന്യമായ ഒരു നിക്ഷേപം നടത്തുക ഒരു മലയാളിയ സംബന്ധിച്ച്‌ വളരെ പ്രയാസം ഉള്ള കാര്യമാണ്‌.മിഥുനം എന്ന ചിത്രത്തിലെ മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ബിസ്കറ്റ്‌ കമ്പനി തുടങ്ങുവാൻ നടത്തുന്ന പരിശ്രമങ്ങൾ ഏതൊരു മലയാളിക്കും സുപരിചിതമാണല്ലോ? അധ്വാനിച്ചുണ്ടാക്കിയ പണം ചിലവിടുന്നതിനു മുമ്പ്‌ പലതവണ ആലോചിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്‌ ആ ചിത്രം.അതുപോലെ മറ്റൊരു ചിത്രമണ്‌ വരവേൽപും.

ഇന്ന് മലയാളി പ്രത്യേകിച്ചും പ്രവാസമലയാളി അൽപം കൂടെ ചിന്തിച്ചേ മുതലിറക്കുകയുള്ളൂ.എങ്കിലും ചിലർക്കൊക്കെ അബദ്ധം പറ്റാറുണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല. നിക്ഷേപങ്ങൾ പരമാവധി സുരക്ഷിതം ആയിരിക്കണം എന്ന് ഓരോ നിക്ഷേപകനും ആഗ്രഹിക്കുന്നു പക്ഷെ പലപ്പോഴും അത്‌ പാളിപ്പോകാറുണ്ട്‌. പ്രവാസികൾ ആണ്‌ ഇത്തരത്തിൽ പലപ്പോഴും വഞ്ചിതരാകുന്നത്‌. എന്തുകൊണ്ടെന്ന് ചോദിച്ചാൽ ലീവിനു നാട്ടിൽ എത്തുമ്പോൾ ആയിരിക്കും പല തട്ടിപ്പു പദ്ധതികളുമായി ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ സമീപിക്കുക. ഇവരെ പിണക്കേണ്ട എന്നുകരുതി അവർ പറയുന്ന പദ്ധതികളിൽ പങ്കാളിയാകുകയും നിക്ഷേപം നടത്തുകയും ചെയ്ത്‌ തിരിചുപോകുന്നു. പിന്നീട്‌ ഇത്തരം പദ്ധതികൾ പൊളിയുമ്പോൾ ഈ സുഹൃത്തുക്കൾ പല തൊടുന്യായങ്ങൾ പറഞ്ഞ്‌ ഒഴിയുകയും ചെയ്യും.അതുകൊണ്ട്‌ പ്രവാസികൾ ആദ്യം ചിന്തിക്കേണ്ടത്‌ ഞാൻ എന്തിനു ഇത്തരം പദ്ധതികളിൽ പണം ഇറക്കണം എന്നതാണ്‌.താൻ ചേർന്നില്ലെങ്കിൽ ഈ സൗഹൃദം ഇല്ലാതാകും എങ്കിൽ ചേർത്താൻ വരുന്ന വ്യക്തിക്ക്‌ തന്റെ സൗഹൃദത്തേക്കാൾ വലുത്‌ പ്രസ്തുത പദ്ധിയാണെങ്കിൽ അതിനർത്ഥം തന്നോട്‌ ആ വ്യക്തിക്ക്‌ യാതൊരു താൽപര്യവും ഇല്ല എന്നുതന്നെ ആണ്‌.അപ്പോൾ തനിക്കു നഷ്ടം ഉണ്ടാക്കിക്കൊണ്ട്‌ ഇത്തരം ബന്ധങ്ങൾ നിലനിർത്തുന്നതിൽ യാതൊരു അർത്ഥവും ഇല്ലെൻന്മനസ്സിലാക്കി ഇത്തരക്കാരെ അവഗണിക്കുക.

പ്രവാസികൾ നേരിടുന്ന മറ്റൊരു പ്ര്ശനം എന്തിൽ നിക്ഷേപിക്കും എന്നതാണ്‌.ജോലി സ്ഥിരതയില്ലാത്ത രംഗത്തുപ്രവർത്തിക്കുന്നവരെ സംബന്ധിച്ച്‌ ഈ ചിന്തയുടെ ആഴം കൂടും.പക്ഷെ വിദേശത്ത്‌ കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന പണമെന്തിനു നാട്ടിൽ നിക്ഷേപിച്ച്‌ കേരളത്തിലെ രാഷ്ടീയ ഉദ്യോഗസ്ഥർക്കു മുമ്പിൽ നാം മുട്ടുകുത്തണം.ഇതുവരെ പ്രവാസികളോടു കേരളസമൂഹം നന്ദികാണിച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ ഇപ്പോഴും അവർ അനുഭവിക്കുന്ന ചൂഷണങ്ങളിലേക്കും യാത്രാ ദുരിതത്തിലേക്കും കണ്ണോടിച്ചാൽ മതിയാകും.

ഓഹരിയും റിയൽ എസ്റ്റേറ്റും നല്ല ആദായം തരുന്ന മേഘലകളാണ്‌.രണ്ടും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ബിസിനസ്സ്‌ ആണെന്ന് മാത്രം.മൂല്യത്തെ കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട്‌ നിക്ഷേപം നടത്തിയാൽ വൻ ലാഭം കൊയ്യാം എന്നതാണ്‌ പലരെയും ഈ രംഗത്തെക്ക്‌ കടന്നുവരുവാൻ പ്രേരിപ്പിക്കുന്ന ഘടകം. ഓഹരിയെ കുറിച്ച്‌ പലർക്കും ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഓഹരികുമ്പകോണകാലത്തെ ഓർക്കുമ്പോൾ ആണ്‌. എന്നാൽ ഇന്നു സ്ഥിതി ആകെ മാറിയിരിക്കുന്നു. തങ്ങളുടെ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നാൽ തന്നെ അപ്പോഴപ്പോൾ വിപണിയുടെ ചലനങ്ങൾ അറിയുവാൻ നിക്ഷേപകന്‌ സാധിക്കും.

അതെ രാഷ്ടീയക്കാരുടെ ശല്യമില്ലാതെ തൊഴിലാളികളുടെ സമര/ബോണസ്സ്‌ ഡിമാന്റില്ലാതെ സ്വസ്ഥമായി ഇരുന്ന് ചെയ്യാവുന്ന ഒരു ബിസിനസ്സ്‌ ആണിതെന്ന് ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ട്‌ എല്ലാ നിക്ഷേപകർക്കും ആശംശ നേരുന്നു.

Sunday, August 3, 2008

ഓഹരി

ഓഹരി എന്ന വാക്ക് മുമ്പ് മലയാളിക്ക് അത്രകണ്ട് അടുപ്പം ഉള്ള ഒന്നായിരുന്നില്ല. വലിയ പണക്കാരുടെ ഒരു ഇടപാട് എന്ന്കരുർതി ഓഹരിക്കമ്പോളത്തിൽ നിന്നും സാധരണക്കാരായ മലയാളികൾ അകന്നു നിന്നു. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. നിക്ഷേപങ്ങളെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാളി ഇന്ന് ഓഹരിക്കമ്പോളത്തിലും സജീവമായിക്കൊണ്ടിരിക്കൂന്നു. വളരെയധികം ലാഭസാധ്യത ഉള്ള ഒരു ബിസിനസ്സാണിത്. അതുകൊണ്ടുതന്നെ ധാരാളമ്ം ആളുകൾ ഇതിലേക്ക് കടന്നുവരുന്നുമുണ്ട് പക്ഷെ പലരും ഈ രംഗത്തു കടന്നുവരുന്നത് വേണ്ടത്ര മുന്നൊരുക്കം കൂടാതെയാണെന്നത് ഒരു സത്യമാണ്.ഇത് പലപ്പോഴും നഷ്ടങ്ങൾ വരുത്തിവെക്കുന്നു.

വളരെ കരുതലോടെയും വേണ്ടത്ര നിരീക്ഷണത്തോടെയും സമീപിക്കേണ്ട ഒരു ബിസിനസ്സാണ് ഓഹരി.അശ്രദ്ധയും അമിതാവേശവും നഷ്ടം വരുത്തിവെക്കും. ക്ഷമയും കാത്തിരിപ്പും ഉണ്ടെങ്കിലേ ഓഹരി നിക്ഷേപത്തിലൂടെ ലാഭം ഉണ്ടാക്കാൻ പറ്റൂ. ഓഹരിയെകുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുവാൻ ഉള്ള ഒരു എളിയ ശ്രമത്തിനു തുടക്കമിടുകയാണിവിടെ നല്ലവരായ വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം ഇതേ കൂറിച്ച് കൂടുതൽ അറിയുന്നവരുടെ സഹായവും പ്രതീക്ഷിച്ചുകൊള്ളുന്നു.